ഐഎൻഎല്ലിലെ തർക്കത്തിൽ നിലപാട് കടുപ്പിച്ച് എൽഡിഎഫ്. അടുത്ത യോഗത്തിലേക്ക് വിളിക്കില്ലെന്ന് ഐഎൻഎല്ലിനെ എൽഡിഎഫ് അറിയിച്ചു. പിളർപ്പിലേക്കെത്തിയ പാർട്ടിയിലെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി. ഐഎൻഎല്ലിലെ പ്രശ്നം പരിഹരിക്കുന്നതിന് കാന്തപുരം വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥ നീക്കങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്.
രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ തന്നെ സിപിഎം എകെജി സെന്‍ററിലേക്ക് വിളിച്ചുവരുത്തി ഐഎന്‍എല്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൊച്ചിയില്‍ ചേര്‍ന്നപ്പോള്‍ തെരുവില്‍ തമ്മില്‍ത്തല്ലുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്നാണ് സിപിഎം നിലപാട് കടുപ്പിച്ചത്. തുടര്‍ന്ന് കാന്തപുരത്തിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ മഞ്ഞുരുക്കുന്നുവെന്ന സൂചന നല്‍കി.
പക്ഷേ കാസിം പക്ഷം കഴിഞ്ഞ ദിവസം പത്തനതിട്ടയില്‍ യോഗം ചേര്‍ന്നു. ആ യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പങ്കേടുത്തു. കാസിം ഇരിക്കൂര്‍- അബ്ദുല്‍ വഹാബ് തര്‍ക്കത്തില്‍ നിഷ്പക്ഷ നിലപാട് എടുത്തിരുന്നു എന്ന് കരുതിയിരുന്ന മന്ത്രി ആ യോഗത്തില്‍ പങ്കെടുത്തതോടെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ വീണ്ടും രൂക്ഷമായി.
കഴിഞ്ഞ ദിവസം ഐഎന്‍എല്ലിനെ ഒഴിവാക്കി ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ച് എല്‍ഡിഎഫ് മുന്നറിയിപ്പ് നല്‍കി. 2006ന് ശേഷം ആദ്യമായാണ് ഐഎന്‍എല്‍ പ്രതിനിധിയില്ലാതെ ഹജ്ജ് കമ്മറ്റി വരുന്നത്. ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്നും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോവാറില്ലെന്നും ഐ.എന്‍.എല്‍ ജനറല്‍ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാന്‍ പ്രതികരിക്കുകയുണ്ടായി. ഐഎന്‍എല്‍ ഒരുമിച്ചാണെങ്കില്‍ മുന്നണിയില്‍ തുടരാം അല്ലെങ്കില്‍ മുന്നണിയില്‍ വേണ്ട എന്നാണ് സിപിഎം നിലപാട്.