ജോസ് കെ മാണിയും ടീമും എല്‍.ഡി.എഫില്‍; ഉപാധികളില്ലാതെയാണ് ജോസിന്റെ വരവെന്ന് എ വിജയരാഘവന്‍

ജോസ് കെ മാണി വിഭാഗത്തെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്‍.സി.പിയും എല്‍.ജെ.ഡിയും ജോസ് വിഭാഗത്തെ ഘടകകക്ഷി ആക്കുന്നതില്‍ ആശങ്ക അറിയിച്ചു.

ജോസ് കെ മാണിയെ ഘടകകക്ഷിയാക്കണമെന്ന സി.പി.എം നിലപാട് മറ്റ് ഘടകകക്ഷികള്‍ അംഗീകരിക്കുകയായിരുന്നു. മുന്നണിയുടെ പൊതു താത്പര്യത്തിനൊപ്പം നില്‍ക്കുകയാണെന്ന് സിപിഐ അറിയിച്ചു. ഉപാധികള്‍ ഇല്ലാതെയാണ് ജോസിനെ മുന്നണിയുടെ ഭാഗമാക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി. സീറ്റുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസ് എമ്മുമായി നടത്തിയിട്ടുണ്ടോയെന്ന് എന്‍.സി.പി ചോദിച്ചു.

ഒരു ഉപാധികളും ഇല്ലെന്നും നിയമസഭാസീറ്റ് ചര്‍ച്ചകള്‍ ആ ഘട്ടത്തില്‍ നടത്താമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കക്ഷികള്‍ വരുമ്പോള്‍ തങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്ന് എല്‍.ജെ.ഡി ആവശ്യപ്പെട്ടു. ജെ.ഡി.എസും എല്‍.ജെ.ഡിയും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയെങ്കിലും ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ മൗനം പാലിച്ചു.