തിരുവനന്തപുരം: ജോസ് കെ. മാണിയേയും കൂട്ടരെയും യു.ഡി.എഫില്‍ തിരിച്ചെത്തിക്കാനുള്ള നീക്കം സജീവമാക്കി യുഡിഎഫ്. മധ്യസ്ഥതയ്ക്ക് മുസ്ലീം ലീഗിനെയാണ് മുന്നണി തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം.രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസി(എം)ന്റെ അവകാശവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജോസ് പക്ഷത്തിനു നല്‍കിയതോടെയാണ് മാണി പക്ഷത്തോടുള്ള നിലപാട് മയപ്പെടുത്താന്‍ യുഡിഎഫ് മു്ന്നണി തയ്യാറായിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്നിവരെയാണു ജോസുമായുള്ള ചര്‍ച്ചകള്‍ക്കു യു.ഡി.എഫ്. നിയോഗിച്ചിരിക്കുന്നത്. ജോസിനും കൂട്ടര്‍ക്കുമെതിരേ പരസ്യപ്രതികരണങ്ങള്‍ ഉണ്ടാകരുതെന്നും യു.ഡി.എഫ്. നിര്‍ദേശിച്ചു. ഇതേ നിര്‍ദേശം അണികള്‍ക്കു ജോസ് കെ. മാണിയും നല്‍കി. യു.ഡി.എഫിന്റെ പുതിയ നിലപാടിനോടു ജോസ് പക്ഷത്തും അനുകൂലസമീപനമാണ്. എന്നാല്‍, നിയമസഭാ സീറ്റുകളിലുള്‍പ്പെടെ വ്യക്തമായ ധാരണയുണ്ടാക്കിയേ യു.ഡി.എഫിലേക്കു മടങ്ങൂവെന്നാണു തീരുമാനം. സി.പി.എമ്മും ഇടതുമുന്നണിയുമായുള്ള ബന്ധം വേണ്ടെന്നാണു ജോസ് പക്ഷത്തെ ഭൂരിപക്ഷാഭിപ്രായം. ചിഹ്നഹ്നവും പാര്‍ട്ടിയും സ്വന്തമായ സാഹചര്യത്തില്‍, വിട്ടുപോയ മുതിര്‍ന്നനേതാക്കളെയും തദ്ദേശ ജനപ്രതിനിധികളെയും തിരികെക്കൊണ്ടുവരാന്‍ അവര്‍ നീക്കം സജീവമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പടെ ഇടതുസര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ ഏതുവിധേനയും ജോസ് പക്ഷത്തെ എല്‍.ഡി.എഫില്‍ എത്തിക്കാന്‍ സി.പി.എം. നീക്കമാരംഭിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണു യു.ഡി.എഫിന്റെ മറുതന്ത്രം. കേരളാ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായ ക്രൈസ്തവസഭകള്‍ക്കും യു.ഡി.എഫിനോടാണു താത്പര്യം.
The Best Online Portal in Malayalam