കനത്ത ചൂടിന് ആശ്വാസം പകരാൻ ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത

 

കനത്ത ചൂടിൽപ്പെട്ട് സംസ്ഥാനം ഉരുകുമ്പോൾ ആശ്വാസമായി ഇന്ന് മുതൽ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ ലഭിക്കും. അടുത്താഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. അതോടെ സംസ്ഥാനത്തൊട്ടാകെ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

അന്തരീക്ഷ ആർദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ മഴ ലഭിക്കും. തെക്കൻ കേരളത്തിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഴയുണ്ടാകുമെന്നാണ് പ്രവചനം. കണ്ണൂർ, വയനാട് വനമേഖലകളിലും മഴ ലഭിച്ചേക്കും. മലപ്പുറം പാലക്കാട് ജില്ലകളിലെ അതിർത്തിയലും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കും

മാർച്ച് 20 വരെ ശരാശരി വേനൽ മഴ ലഭിച്ചേക്കും. 20ന് ശേഷം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ന്യൂനമർദത്തിന്റെ സഞ്ചാര പാത വ്യക്തമായിട്ടില്ലെങ്കിലും കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്.