എസ് എഫ് ഐ സ്ഥാനാർഥി ടി സി വാങ്ങിപ്പോയി; യൂണിവേഴ്‌സിറ്റി കോളജ് ആർട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനം കെ.എസ്.യുവിന്

 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നാൽപത് വർഷത്തിന് ശേഷം ആർട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനം കെ എസ് യുവിന് ലഭിച്ചു. എസ് എഫ് ഐയുടെ സ്ഥാനാർഥി ടി സി വാങ്ങി പോയതിനെ തുടർന്നാണ് കെ എസ് യു തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് എസ് എഫ് ഐ പറഞ്ഞു

ജനുവരി 25നാണ് കോളജിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കൊവിഡിനെ തുടർന്ന് ഇലക്ഷൻ മാറ്റിവെച്ചു. എസ് എഫ് ഐ സ്ഥാനാർഥിയായിരുന്ന അൽ അയ്‌ന ജാസ്മിന് ഇതിനിടക്ക് കോട്ടയം മെഡിക്കൽ കോളജിൽ എം ബി ബി എസിന് അഡ്മിഷൻ കിട്ടി. ഫെബ്രുവരി ഏഴിന്  ഇവർ ടി സി വാങ്ങിപ്പോയി. ഇക്കാര്യം കെ എസ് യു പ്രവർത്തകർ ഉന്നയിച്ചതോടെ എസ് എഫ് ഐ സ്ഥാനാർഥിയുടെ പത്രിക അസാധുവാക്കുകയായിരുന്നു

പത്രിക അസാധുവാക്കിയതോടെ കോളജിൽ എസ് എഫ് ഐ, കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. എസ് എഫ് ഐ പ്രവർത്തകൻ പ്രണവിന് പരുക്കേറ്റു. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. വെള്ളിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു.