കൊവിഡ് ബാധിതരുടെ വിവരശേഖരണം; ഉത്തരവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ അവരുടെ അറിവില്ലാതെ പൊലീസ് ശേഖരിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് അവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യന്‍ ഭാരണഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കത്തിന്റെ പൂര്‍ണരൂപം

കോവിഡ് ബാധിതരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍( സി ഡി ആര്‍) അവരുടെ അറിവില്ലാതെ പോലീസ് ശേഖരിച്ചു വരികയാണ് എന്നാണ് അറിയാന്‍ സാധിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ സംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവി എ ഡി ജി പി മാര്‍ക്ക് നല്‍കിയ നിര്‍ദേശത്തിലും ഫോണ്‍കോള്‍ വിവരങ്ങള്‍( സി ഡി ആര്‍) ശേഖരിക്കുന്നത് ത്വരിതപടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ, വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യന്‍ ഭാരണഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മൗലീകാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടയുടെ അടിസ്ഥാന ശിലയായ മൗലീകാവകാശങ്ങളിലെ ഏറ്റവും സുപ്രധാനമാണ് ജീവിക്കാനുള്ള അവകാശമായ ഇരുപത്തിയൊന്നാം അനുച്ഛേദം(right to Life) എന്ന് താങ്കള്‍ക്ക് അറിയാമല്ലോ. ഒരു വ്യക്തിക്ക് അന്തസോടെ ജീവിക്കാന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലീകാവശമാണ് ഇത്. 2018 ലെ (Retd) ജസ്റ്റിസ് പുട്ടസ്വാമി കേസില്‍ ഒരു വ്യക്തിയുടെ സ്വകാര്യത ഇന്ത്യന്‍ ഭരണഘടനാ ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.

ഒരു വ്യക്തിയുടെ അറിവോടുകൂടിയ സമ്മതം ( Informed consent ) കൂടാതെ സ്വാകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കാന്‍ പാടില്ല എന്ന് സുപ്രീം കോടതി ഈ വിധിയില്‍ അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷയെ അടക്കം ബാധിക്കുന്ന അടിയന്തര സാഹചര്യത്തില്‍ മാത്രമേ ഒരു വ്യക്തിയുടെ അറിവോടെയല്ലാതെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ സാധിക്കുകയുള്ളു.

അതായത്‌ ഒരു സര്‍ക്കാര്‍ ഉണ്ടാക്കുന്ന നീതിയുക്തമായ നിയമത്തിന്റെ പിന്‍ബലത്തില്‍ മാത്രമേ കേന്ദ്ര സര്‍ക്കാരിന് പോലും അത്യാവശ്യ സാഹചര്യത്തില്‍ ഒരു വ്യക്തിയുടെ മൗലീകാവകാശത്തിലേക്ക് കടന്നുകയറാന്‍ സാധിക്കുകയുള്ളു.

ഇങ്ങനെ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ ഒരു നിയമമാണ് ടെലിഗ്രാഫ് നിയമം, 1885. ഈ നിയമത്തിലെ സെക്ഷന്‍ 5(2) പ്രകാരം രാജ്യസുരക്ഷ, രാജ്യത്തിന്‍റെ ഐക്യം, അഖണ്ഡത എന്നിവയ്ക്ക് ഭീഷണിയുള്ള സാഹചര്യത്തില്‍ മാത്രമാണ് സര്‍ക്കാരിന് ഒരു വ്യക്തിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനുള്ള അവകാശം നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ ടെലഗ്രാഫ് ഭേദഗതി ചട്ടം 2007 അനുസരിച്ച്‌ ടെലിഗ്രാഫ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഫോണ്‍ നിരീക്ഷണത്തിനു അനുമതി നല്‍കാനുള്ള അധികാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കാണ്.
ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കുന്ന മറ്റൊരു നിയമം ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍( സി ആര്‍ പി സി) യാണ്.പക്ഷെ ഇത് കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്കെതിരെ മാത്രമേ ബാധകമാക്കാന്‍ സാധിക്കുകയുള്ളു. കോവിഡ് രോഗം ഒരു കുറ്റമല്ലാത്തതിനാല്‍ സര്‍ക്കാരിന് ഈ നിയമവും ഉപയോഗിക്കാന്‍ സാധിക്കുകയുമില്ല

അങ്ങനെയിരിക്കെ കോവിഡിന്റെ മറവില്‍ ഒരു നിയത്തിന്റെ പോലും പിന്‍ബലമില്ലാതെ സംസ്ഥാന പോലീസ് നടത്തുന്ന ഈ ഹീനമായ പ്രവര്‍ത്തി നഗ്നമായ ഭാരണഘടന ലംഘനമാണ്. ഒരു വ്യക്തി സംസാരിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ കൊണ്ട് എങ്ങിനെ കോവിഡ് രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ വ്യക്തികളുടെ ലിസ്റ്റ് ഉണ്ടാക്കാന്‍ സാധിക്കും എന്ന ചോദ്യവും ഈ സാഹചര്യത്തില്‍ പ്രസക്തമാണ്

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്താനുള്ള വിലകുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണോ ഇത് എന്ന സംശയം ഇതിനോടകം ഉയര്‍ന്നുവന്നിട്ടുണ്ട്.ഈ സാഹചര്യത്തില്‍ സംസ്ഥാന പൊലീസിന്റെ നിയമവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമായ ഈ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു