കേരളത്തിൽ ആശങ്കയുണർത്തുകയാണ് അറബിക്കടലിൽ രൂപ കൊണ്ട തീവ്രന്യൂനമർദം. ഇത് ശക്തിപ്രാപിച്ച് ഒരു അതിതീവ്ര ന്യൂനമർദമായും (Deep Depression) പിന്നീട് ചുഴലിക്കാറ്റായി (Cyclonic Storm) മാറുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അറബിക്കടലിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് രൂപം കൊള്ളുന്ന ചുഴലിക്കാറ്റിന് ടൗട്ടെ എന്നാണ് പേരിട്ടിരിക്കുന്നത്. കേരളത്തിന് പുറമേ ഗോവയേയും മഹാരാഷ്ട്രയേയും ചുഴലിക്കാറ്റ് ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ട്.
‘ടൗട്ടെ’ ചുഴലിക്കാറ്റ്, പേര് മ്യാൻമാറിന്റെ നിർദേശം
നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. പക്ഷേ ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മെയ് 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തീരക്കടൽ പ്രക്ഷുബ്ധമാവും. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ന്യൂനമർദത്തിന്റെ തുടക്കത്തിൽ തന്നെ കേരളത്തിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മഴ കണക്കിലെടുത്ത് പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.