കെ റെയിൽ പദ്ധതി അതിവേഗം പ്രാവർത്തികമാക്കണമെന്നത് പൊതുവികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗത വികസനം നാടിന് ആവശ്യമില്ലെന്ന ന്യായമാണ് പ്രതിപക്ഷം നിരത്തുന്നത്. പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് വിഭവങ്ങൾ കണ്ടെത്തും. റെയിൽവേയും സർക്കാരും ചേർന്നുള്ള സംയുക്ത പദ്ധതിയാണെന്നുംഅടിയന്തര പ്രമേയത്തിന് മറുപടി നൽകവെ മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം ചർച്ചകൾക്ക് ശേഷം സ്പീക്കർ തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി
അടിയന്തര പ്രമേയത്തിന് അനുമതി നൽകുമ്പോൾ ഇത്രയും പ്രയോജനം കിട്ടുമെന്ന് കരുതിയില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി ആരംഭിച്ചത്. പ്രമേയ അവതാരകൻ മുതൽ പ്രതിപക്ഷ നേതാവ് വരെയുള്ളവരെ തുറന്നുകാണിക്കാൻ ചർച്ച ഗുണം ചെയ്തു. പദ്ധതിയെ കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഒരു കാര്യവും പറയാൻ പ്രതിപക്ഷത്തിന് ആയിട്ടില്ല. ആശയദാരിദ്ര്യമാണ് പ്രതിപക്ഷത്തിന്.
2016ലെ തെരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫിന്റെ പ്രകടന പത്രിക തയാറാക്കുന്നതിന് മുൻപ് ഭാവി കേരളം എങ്ങനെ രൂപപ്പെടുത്തണമെന്നത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിന്റെ കാലത്തും പ്രകടനപത്രിക തയാറാക്കുന്നതിന് മുൻപും യോഗം നടന്നു. ഇതെല്ലാം ഒരു സംവേദനത്തിന്റെ രീതിയാണ്. ഈ പദ്ധതിയിൽ ഒരു ആശങ്കിയുമില്ലെന്നും മാത്രമല്ല, പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന വികാരമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.