ബോംബെറിഞ്ഞത് വിവാഹസംഘത്തെ ആനയിക്കുന്നതിനിടെ; ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞു

 

കണ്ണൂർ തോട്ടടയിൽ വിവാഹ സംഘത്തോടൊപ്പമെത്തിയവർ നടത്തിയ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബോംബ് എറിഞ്ഞയാളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ നാല് പേർ നേരിട്ട് ഉൾപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇതിൽ മൂന്ന് പേർ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ബോംബ് എറിഞ്ഞതെന്ന് സംശയിക്കുന്ന മിഥുൻ എന്നയാൾക്കായി തെരച്ചിൽ തുടങ്ങി

മിഥുനാണ് ബോംബ് എറിഞ്ഞതെന്ന് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്. വിവാഹ പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വധുവിനെയും വരനെയും ആനയിച്ചു കൊണ്ടുവരുന്ന വീഡിയോയിൽ പ്രതികളും കൊല്ലപ്പെട്ടയാളും ഉൾപ്പെട്ടിട്ടുണ്ട്.

ഏച്ചൂൽ ബാലക്കണ്ടി ഹൗസിൽ സിഎം ജിഷ്ണു(26)ആണ് കൊല്ലപ്പെട്ടത്. ചാല പന്ത്രണ്ട് കണ്ടിയിലെ ഹേമന്ദ്(29), രജിലേഷ്(27), ചിറക്കുതാഴെയിലെ അനുരാഗ്(28) എന്നിവർക്ക് പരുക്കേറ്റു. ബോംബേറിൽ ജിഷ്ണുവിന്റെ തലയോട്ടി പൊട്ടിത്തകർന്നിരുന്നു. ശരീരഭാഗങ്ങൾ സമീപത്തെ പറമ്പിലുമൊക്കെയായി തെറിച്ചുവീണു.

വിവാഹത്തിൽ പങ്കെടുത്ത ഏച്ചൂരിൽ നിന്ന് വന്ന യുവാക്കളും ചാല പന്ത്രണ്ട് കണ്ടിയിലെ യുവാക്കളും തമ്മിൽ ശനിയാഴ്ച രാത്രി കല്യാണവീട്ടിൽ തർക്കവും അടിപിടിയും നടന്നിരുന്നു. ഇതിന്റെ ബാക്കിയാണ് ഞായറാഴ്ച ബോംബേറിൽ കലാശിച്ചത്.