ദുരൂഹമായ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അൻസി കബീറിന്റെ ബന്ധുക്കൾ രംഗത്ത്. പോക്‌സോ കേസ് പ്രതിയും നമ്പർ 18 ഹോട്ടൽ ഉടമയുമായ റോയി വയലാട്ടിനെതിരെയാണ് ബന്ധുക്കൾ രംഗത്തുവന്നത്. അൻസിയുടെ മരണത്തിൽ കൂടുതൽ സംശയങ്ങൾ ഉയരുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്ന് അൻസിയുടെ അമ്മാവൻ നസീം പറഞ്ഞു
റോയ് വയലാട്ടിന്റെ ഹോട്ടലിൽ നിന്ന് മടങ്ങുമ്പോഴാണ് അൻസി കബീറും അഞ്ജന ഷാജിയും മരിക്കുന്നത്. റോയിയുടെ സുഹൃത്തായ സൈജു തങ്കച്ചൻ കാറിൽ മോഡലുകളെ പിന്തുടർന്നിരുന്നു. നമ്പർ 18 ഹോട്ടലിൽ എത്തിയ തങ്ങളെ വലിച്ചിഴച്ചു കൊണ്ടുപോയി ലഹരി കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കോഴിക്കോട് സ്വദേശികളായ അമ്മയും മകളും പരാതി നൽകിയിരുന്നു. ഈ പരാതിഉയർന്നതോടെയാണ് അൻസിയുടെ മരണത്തിലും റോയിക്ക് പങ്കുണ്ടെന്ന് സംശയമുണർന്നത്.