ധീരജിനെ കുത്തിക്കൊന്ന കേസിൽ രണ്ട് കെ എസ് യുക്കാർ കൂടി അറസ്റ്റിൽ

 

എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിൽ രണ്ട് കെ എസ് യു പ്രവർത്തകർകൂടി അറസ്റ്റിൽ. കഴിഞ്ഞ ദിവസം കുളമാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടൻ, കെ എസ് യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ആറ് പേരാണ് പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. അവശേഷിക്കുന്ന പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്. പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് സമർപ്പിച്ച അപേക്ഷ നാളെ കോടതി പരിഗണിക്കും. പത്ത് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം.