കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: ബിഷപ് ഫ്രാങ്കോ കുറ്റവിമുക്തനെന്ന് കോടതി

 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴ് വകുപ്പുകളും നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. കേസിൽ ബിഷപ് ഫ്രാങ്കോയെ വെറുതെവിട്ടുകൊണ്ടുള്ള വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. ഏറെക്കുറെ അവിശ്വസനീയമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്

105 ദിവസത്തെ വിചാരണക്ക് ശേഷമാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിധി പ്രസ്താവിക്കുന്നത്. വിധി കേൾക്കാനായി രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ് ഫ്രാങ്കോ കോടതിയിലെത്തിയിരുന്നു. പിൻവാതിൽ വഴിയാണ് ഫ്രാങ്കോ കോടതിയിലേക്കെത്തിയത്. സഹോദരനും സഹോദരി ഭർത്താവും ഫ്രാങ്കോയ്‌ക്കൊപ്പമുണ്ടായിരുന്നു

വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി വലിയ സുരക്ഷ കോടതിയിൽ ഒരുക്കിയിരുന്നു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചത്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡുകൾ എന്നിവ കോടതി മുറികൾ പരിശോധിച്ചു.

കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കളും കോടതിയിൽ വിധി കേൾക്കാനായി എത്തിയിരുന്നു. കുറുവിലങ്ങാട്ടെ മിഷണറീസ് ഓഫ് ജീസസ് മഠത്തിൽ വെച്ച് 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നുവിത്. ബിഷപിനെതിരെ നിരവധി കന്യാസ്ത്രീകൾ പരസ്യമായി തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതും കേരളം കണ്ടിരുന്നു