മൊഫിയ പർവീണിന്റെ ആത്മഹത്യ: കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കുടുംബം

 

മൊഫിയ പർവീൺ ആത്മഹത്യ കേസിൽ കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. അന്വേഷണം കോടതിയുടെ പശ്ചാത്തലത്തിൽ വേണമെന്നാണ് ആവശ്യം. മൊഫിയയുടെ ഭർത്താവ് സുഹൈലിന്റെ ക്രിമിനൽ പശ്ചാത്തലം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം. സിഐ സുധീറിനെ സ്വാധീനിച്ച രാഷ്ട്രീയ ശക്തികളെയും വെളിച്ചത്ത് കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെടുന്നു

സുഹൈലും മാതാപിതാക്കളും ജയിലിലാണ്. എന്നാൽ ഇതുകൊണ്ട് മാത്രം മൊഫിയക്ക് നീതി ലഭിക്കില്ല. ദുരൂഹമായ പശ്ചാത്തലമുള്ള ആളായിരുന്നു സുഹൈൽ. സുഹൈലിന്റെ പല ഇടപാടുകളെയും മൊഫിയ ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണമെന്നും മൊഫിയയുടെ പിതാവ് ദിൽഷാദ് പറയുന്നു

ഇതിനായി കോടതിയിൽ ഹർജി നൽകും. പരാതിയിൽ നടപടി എടുക്കാതിരിക്കാൻ സുധീറിന് മേൽ രാഷ്ട്രീയ സ്വാധീനമുണ്ടായിട്ടുണ്ട്. ഇതും പുറത്തു കൊണ്ടുവരണം. സുധീറിനെതിരായ വകുപ്പുതല അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.