പൗരത്വ, ശബരിമല പ്രക്ഷോഭം; ചില കേസുകള്‍ പിന്‍വലിക്കാന്‍ കോടതി അനുമതി വേണം: മുഖ്യമന്ത്രി

 

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടും പോലീസ് സ്വീകരിച്ച ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹ. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതിനായി പോലീസ് കമ്മിറ്റി രൂപവത്ക്കരിച്ചു. സമരങ്ങളുമായി ബന്ധപ്പെട്ട് ചില കേസുകല്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിന് പരിമിതിയുണ്ട്. കോടതിയുടെ അനുമതി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല, പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധം എന്നിവക്കെതിരായ ഓരോ കേസും പ്രത്യേകം പരിശോധിച്ചശേഷം ക്രിമിനല്‍ നിയമത്തിലെ 321-ാം വകുപ്പ് പ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസുകള്‍ പിന്‍വലിക്കാന്‍ കഴിയുക. കേസുകള്‍ പിന്‍വലിക്കുന്നതിന് അനുമതി നല്‍കേണ്ടത് കോടതികളാണ്. കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ സര്‍ക്കാറിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. എന്നിരുന്നാലും സര്‍ക്കാര്‍ തലത്തിലുള്ള നടപടിക്രമങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

അതേസമയം, പൗരത്വ നിയമവുമായി ബന്ധപ്പെട്ട 836 കേസുകളില്‍ 13 കേസുകള്‍ മാത്രമാണ് പിന്‍വലിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ചൂണ്ടിക്കാട്ടി. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട 2636 കേസുകളില്‍ ഒന്നു പോലും പിന്‍വലിച്ചില്ല. എന്നാല്‍ 5325 രാഷ്ട്രീയ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിയെത്തുടര്‍ന്നും, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ വിവിധ സംഭവങ്ങളിലും ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ തല്‍സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവി, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.