കനത്തമഴ: നദികള്‍ കരകവിഞ്ഞൊഴുകി, മണ്ണിടിഞ്ഞ് ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു, സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

തിരുവനന്തപുരം : കനത്തമഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് മരണം. കൊല്ലത്ത് തോട്ടില്‍ വീണ് ഗോവിന്ദരാജ് (65), മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് ലിയാന ഫാത്തിമ(8) ലുബാന (ഏഴ് മാസം) എന്നിവരാണ് മരിച്ചത്.

മഴയെ തുടര്‍ന്ന് പല നദികളും കരകവിഞ്ഞൊഴുകി. ദേശീയപാതയില്‍ പല സ്ഥലങ്ങളിലും വെള്ളം കയറിയും മണ്ണിടിഞ്ഞു വീണും രൂക്ഷമായ ഗതാഗത തടസ്സമുണ്ടായി. എറണാകുളം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലത്ത് മലയോര മേഖലയില്‍ മഴക്കടുതി രൂക്ഷമാണ്. തൃശൂരിലും പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. ചാലക്കുടിയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുറ്റിക്കാട് ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും ചാലക്കുടിയിലെത്തിയിട്ടുണ്ട്. റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു. കുന്തിപ്പുഴ അടക്കമുള്ളവയില്‍ ജലനിരപ്പ് ഉയര്‍ന്നു. പുല്ലൂരില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ചാലക്കുടിയില്‍ ഏഴ് പഞ്ചായത്തുകളില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

പുനലൂരില്‍ 25ഓളം വീടുകളില്‍ വെള്ളം കയറി. ആലപ്പുഴയിലും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് വലിയതോതില്‍ ഉയരുകയാണ്.  മലബാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം മുതല്‍ പെയ്യുന്ന മഴ നിര്‍ത്താതെ തുടരുകയാണ്. മാവൂരിലും ചാത്തമംഗലത്തും മണ്ണിടിച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിലും വലിയ വെള്ളക്കെട്ടാണ്. മലപ്പുറം താനൂരിലും മഞ്ചേരിയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ആറ് കുടുംബങ്ങളെ അടിയന്തിരായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മലപ്പുറം കാളിയകാവില്‍ കനമത്തമഴയില്‍ ഒരു വീട് തകര്‍ന്നിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണെങ്കിലും ആളപായമില്ല. ഒക്ടോബര്‍ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.