സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിനിയായ 73കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കിംസ് ആശുപത്രിയിൽ നിന്നയച്ച സാമ്പിളുകളിൽ ഒന്നിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് സാമ്പിളുകൾ നെഗറ്റീവ് ആയി.
ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തൊൻപതായി. കഴിഞ്ഞ ദിവസം ഒരു വയസും പത്തുമാസവും പ്രായമായ കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് സിക സ്ഥിരീകരിച്ചിരുന്നു.
അതിനിടെ സിക്ക വൈറസ് ബാധിത മേഖലകളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. ആനയറ, പാറശാല എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത്. ഗർഭണികളിലെ വൈറസ് ബാധ വേഗത്തിൽ കണ്ടെത്തണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആക്ഷൻ പ്ലാൻ ഉടൻ തയ്യാറാക്കണമെന്നും കേന്ദ്ര സംഘം നിർദേശിച്ചു.