കോഴിക്കോട്: അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മുസ്ലിം സമുദായത്തിന് വേഗത്തിൽ ലഭ്യമാക്കുന്നതിനായുള്ള നടപടികൾ എത്രയും വേഗം സർക്കാർ കൈക്കൊള്ളണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി. നാടിന്റെ പുരോഗതി സാധ്യമാകണമെങ്കില്‍ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനം കൂടിയേതീരൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതി വിധിയും വസ്തുതകളും’ എന്ന വിഷയത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി മീഡിയാ മിഷന്‍ യൂട്യൂബ് ചാനലില്‍ നടത്തിയ വെര്‍ച്വല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മുസ്ലിം സമുദായത്തിന് പലപ്പോഴും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവ മുസ്ലിംകള്‍ക്ക് ലഭ്യമാക്കാനാവശ്യമായ നടപടികള്‍ വേഗത്തിലാവണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സമുദായങ്ങള്‍ തമ്മില്‍ പരസ്പര സൗഹാര്‍ദ്ദവും സഹകരണവും ഭദ്രമാക്കിക്കൊണ്ട് തന്നെ ഇത് സാധ്യമാക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നത്.
പിന്നാക്ക മുസ്ലിംങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പദ്ധതികള്‍ നൂറ് ശതമാനവും അവര്‍ക്ക് തന്നെ ലഭ്യമാക്കാനാവശ്യമായ ഇടപെടല്‍ വേണമെന്ന് സെമിനാറിൽ പങ്കെടുത്ത മറ്റ് നേതാക്കൾ വ്യക്തമാക്കി. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായ സമുദായത്തിന്റെ വളര്‍ച്ചക്ക് അധികാരത്തിലിരുന്നവരുടെ അശ്രദ്ധ കനത്ത തിരിച്ചടിയായെന്നും ഇത് മറികടക്കാനാവശ്യമായ കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാകണമെന്നും ഇവർ വിലയിരുത്തി.