കള്ളപ്പണം വെളുപ്പിക്കല്‍: ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നല്‍കി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷ് കോടിയേരി ജാമ്യംതേടി വീണ്ടും കോടതിയെ സമീപിച്ചു. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ചയായണ് ബിനീഷ് ജാമ്യാപേക്ഷ നല്‍കിയത്. എന്‍ഫോഴ്സമെന്റ് അറസ്റ്റ് ചെയ്ത് 72 ദിവസമായി റിമാന്‍ഡിലുള്ള ബിനീഷിന്റെ ജാമ്യപേക്ഷ ഇതേ കോടതി നേരത്തെ തള്ളിയിരുന്നു.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. ഏഴ് വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ബാക്കി തുക മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണമാണെന്നാണ് ഇ.ഡി. കോടതിയില്‍ വാദിച്ചത്