2100 പിസിആർ കിറ്റുകളെത്തി; സിക്ക വൈറസ് പരിശോധനക്ക് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി

സിക്ക വൈറസ് പരിശോധനക്ക് സംസ്ഥാനം സജ്ജമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകൾ, ആലപ്പുഴ എൻഐവി യൂനിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്.

സിക്ക വൈറസ് പരിശോധനക്കായുള്ള 2100 പിസിആർ കിറ്റുകൾ പൂനെ എൻഐവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 1000 കിറ്റുകളും തൃശ്ശൂർ 300, കോഴിക്കോട് 300, ആലപ്പുഴ 500 എന്നിങ്ങനെയാണ് കിറ്റുകൾ ലഭിച്ചത്. ആർടിപിസിആർ പരിശോധന വഴിയാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്.

രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ് സിക്ക വൈറസ് പരിശോധന നടത്തുന്നത്. രക്തത്തിൽ നിന്ന് സിറം വേർതിരിച്ചാണ് പിസിആർ പരിശോധന നടത്തുന്നത്. തുടക്കത്തിൽ ഒരു പരിശോധനക്ക് എട്ട് മണിക്കൂറോളം സമയമെടുക്കും. സംസ്ഥാനത്ത് കൂടുതൽ ലാബുകളിൽ സിക്ക വൈറസ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കും.