ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ എട്ട് പേർക്ക് കൊവിഡ്

ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെ 8 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ രണ്ട് സ്റ്റാഫ് നേഴ്‌സുമാരും ഫാർമസിസ്റ്റുമാരും ഉൾപ്പെടും. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഗർഭിണിയെ ചികിത്സിച്ചത് ഈ താലൂക്ക് ആശുപത്രിയിലാണ്.

താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയർമാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താലൂക്ക് ആശുപത്രി അടയ്ക്കുന്നത്.

ഇന്നലെ ആലപ്പുഴ ജില്ലയിൽ 50 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എട്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഐടിബിപി നൂറനാട് ഉദ്യോഗസ്ഥരാണ്. നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 24 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 262 പേർ ജില്ലയിൽ രോഗം ബാധിച്ച് നിലവിൽ ചികിത്സയിൽ ഉണ്ട്.