കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ് ഇന്ന് വിടപറഞ്ഞ ടി നസിറുദ്ദീൻ. 1991 മുതല്‍ വ്യാപരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. സംസ്ഥാനത്തെ വലിയ വ്യാപാര സംഘടനയായി വ്യാപരി വ്യവസായി ഏകോപന സമിതിയെ മാറ്റിയത് നസിറുദ്ദീന്റെ മികച്ച നേതൃപാടവത്തിലൂടെയായിരുന്നു.
ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം വ്യാപാര മേഖലയിലേക്ക്
1944 ഡിസംബറില്‍ കോഴിക്കോട് കൂടാരപ്പുരയില്‍ ടികെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനനം. ഹിദായത്തുൽ ഇസ്‌ലാം എൽപി സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. കോഴിക്കോട് മിഠായിത്തെരുവിലുള്ള ബ്യൂട്ടി സ്‌റ്റോഴ്‌സ് ഉടമയായിരുന്നു.
1980ല്‍ സംഘടനാ പ്രവര്‍ത്തനത്തിലേക്ക്
കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തരാക്കിയ വ്യക്തിയായിരുന്നു നസറുദ്ദീന്‍. 1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തനത്തിന് തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡൻറ് ആയി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
ഭാരത വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആന്‍റ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ക്ഷേമനിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയപാര്‍ട്ടി രൂപീകരണം
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാർട്ടി സ്ഥാനാർഥികളെ മത്സരിപ്പിക്കാന്‍ ഏകോപന സമിതിയുടെ സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചിരുന്നു. ‘കേരള കർഷക വ്യാപാരി പാർട്ടി’ എന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനും നസിറുദ്ദീന്റെ നേതൃത്വത്തില്‍ സംഘടന തീരുമാനിച്ചിരുന്നു.
വലിയ സംഘടനയായിട്ടുപോലും ഭരിക്കുന്ന മുന്നണികൾ വ്യാപാരികൾക്ക് ഒരു പരിഗണനയും നൽകാത്ത സാഹചര്യത്തിലാണ് പാർട്ടി രൂപവത്കരിക്കുന്നതെന്ന് അത് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
ഇന്ന് കട അടയ്ക്കും
ടി. നസിറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് (വെള്ളിയാഴ്ച) കടകൾ അടച്ചിടുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബറിസ്ഥാനിൽ നടക്കും.
അനുശോചിച്ച് പ്രമുഖര്‍
ടി.നസിറുദ്ദീന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വ്യാപാരി സമൂഹത്തിന് ദിശാബോധം നൽകിയ നേതാവായിരുന്നു നസിറുദ്ദീനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.