പത്ത് ദിവസം കൂടി കാത്തിരിക്കും; പരാതി പരിഹരിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ

ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചുവെന്ന തന്റെ പരാതി പരിഹരിക്കാൻ പത്ത് ദിവസം കൂടി കാത്തിരിക്കാൻ ശോഭാ സുരേന്ദ്രന്റെ തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായാണ് കാത്തിരിക്കുന്നത്. പ്രശ്‌ന പരിഹാരമായില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അനുനയ ചർച്ചകൾക്കെത്തിയ നേതാക്കളോട് ശോഭ പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ നിശബ്ദത പാലിക്കുന്ന ശോഭാ സുരേന്ദ്രൻ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇങ്ങനെ വന്നാൽ ബിജെപിക്ക് ശക്തമായ തിരിച്ചടിയാകുമിത്. വിഷയത്തിൽ അമിത് ഷായും ജെ പി നഡ്ഡയും ഇടപെടുമെന്ന ഉറപ്പാണ് കേരളത്തിന്റെ ചുമതലയുള്ള നേതാവ് സിപി രാധാകൃഷ്ണൻ ശോഭയെ അറിയിച്ചിരിക്കുന്നത്.

തുടർന്നാണ് പത്ത് ദിവസം കൂടി കാത്തിരിക്കാൻ ശോഭാ സുരേന്ദ്രൻ തയ്യാറായത്. ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാൻ കൃഷ്ണദാസ് പക്ഷവും രംഗത്തുണ്ട്.