ബുൾജെറ്റ് ബുൾസൈയാകും: ബീഹാർ സംഭവം അന്വേഷിക്കും, ലൈസൻസും റദ്ദാക്കും, കലാപാഹ്വാനത്തിനും കേസ്

ബുൾജെറ്റ് സഹോദരൻമാരുടെ കടുത്ത നിയമലംഘനത്തിൽ കർശന നടപടിയുമായി പോലീസും മോട്ടോർ വാഹന വകുപ്പും. ലിബിന്റെയും എബിന്റെയും വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി. കൂടാതെ വാഹനം ഓടിച്ച വ്യക്തിയുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനമായതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ എ ഡി ജി പി എം ആർ അജിത്കുമാർ പറഞ്ഞു.

വാഹനത്തിൽ കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തി. തെറ്റുകൾ തിരുത്താൻ അവർക്ക് സമയം നൽകിയിരുന്നു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയിൽ വന്ന വ്യത്യാസവും അവരെ ബോധ്യപ്പെടുത്തിയിരുന്നു. അംഗീകൃത വാഹനങ്ങളിൽ മാത്രമേ സെർച്ച് ലൈറ്റ് പാടൂള്ളു. പക്ഷേ വാഹനത്തിൽ അതും കണ്ടെത്തിയിട്ടുണ്ട്.

മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്ക് പിന്നാലെ പോലീസും കർശന നടപടികൾ സ്വീകരിക്കുകയാണ്. ആംബുലൻസ് സൈറൺ മുഴക്കി വാഹനമോടിച്ച സംഭവവും പോലീസ് അന്വേഷിക്കും. ഇത് ബീഹാറിലാണെങ്കിലും അന്വേഷണ പരിധിയിൽ വരുത്തുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ അറിയിച്ചു. കൂടാതെ വാഹനത്തിൽ പ്രസ് സ്റ്റിക്കർ ഉപയോഗിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് പരിശോധിക്കും.

ഇവർക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിനെതിരെ കലാപാഹ്വാനം നടത്തിയാൽ അത് കുട്ടികൾ ആയാലും നടപടിയുണ്ടാകും.