മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എൽഡിഎഫ് ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു

 

രണ്ടാം പിണാറായി സർക്കാരിലെ മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഉഭയ കക്ഷി ചർച്ചകൾക്ക് ഇന്ന് തുടക്കം. ഘടക കക്ഷികളുമായി സിപിഎം നേതാക്കൾ ഇന്ന് ചർച്ച നടത്തും. മെയ് 17ന് ചേരുന്ന എൽ ഡി എഫ് യോഗത്തിന് മുമ്പായി ധാരണയിലെത്താനാണ് നീക്കം

കേരളാ കോൺഗ്രസ് എം, എൻസിപി, ജനതാദൾ, കേരളാ കോൺഗ്രസ് ബി, ജനാധിപത്യ കേരളാ കോൺഗ്രസ്, ഐഎൻഎൽ എന്നീ പാർട്ടികളുമായാണ് സിപിഎം ചർച്ച നടത്തുക. രണ്ട് മന്ത്രിസ്ഥാനങ്ങലാണ് കേരളാ കോൺഗ്രസ് എം ആവശ്യപ്പെടുന്നത്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ഇവർക്ക് നൽകാനാണ് സാധ്യത

എൻസിപി, ജനാതാദൾ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും. ആന്റണി രാജുവും ഗണേഷ്‌കുമാറും മന്ത്രിയായേക്കും. കോൺഗ്രസ് എസിന് ഇത്തവണ മന്ത്രിസ്ഥാനമുണ്ടാകില്ല.

സിപിഐക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും ലഭിക്കും. സിപിഎമ്മിന് 12 മന്ത്രിമാരാകും ഉണ്ടാകുക. 17ലെ എൽഡിഎഫ് യോഗത്തിന് ശേഷം 18ന് ചേരുന്ന എല്ലാ പാർട്ടികളുടെയും നേതൃയോഗം ചേർന്ന് മന്ത്രിമാരെ തീരുമാനിക്കും. പിന്നീട് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പിണറായി വിജയനെ നേതാവായി തെരഞ്ഞെടുക്കും. 20നാണ് സത്യപ്രതിജ്ഞ നടക്കന്നത്.