തിരുവനന്തപുരത്ത് മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടു; സംസ്കാര ചാനൽ സ്വന്തമാക്കാൻ ആ​ഗ്രഹിച്ചിരുന്നു; മോൺസൻ്റെ മൊഴി

 

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കൽ തിരുവനന്തപുരത്തും മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടതായി മൊഴി. ടി.വി സംസ്കാര ചാനല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നും മോൺസൻ മൊഴിയിൽ പറയുന്നു.

സംസ്കാര ചാനൽ കേസിൽ ഒന്നാം പ്രതി ഹരിപ്രസാദിന് അയച്ച മൊബൈൽ സന്ദേശവും ക്രൈംബ്രാഞ്ച് കണ്ടെത്തി. ചാനലിനായി പത്തു ലക്ഷം രൂപ കൈമാറിയെന്നും മോന്‍സന്‍ നിയമപ്രകാരം ചാനലിന്റെ ചെയര്‍മാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. ചാനൽ ചെയർമാനെന്ന് വ്യാജമായി പ്രചരിപ്പിച്ച് പണം തട്ടിയ കേസിലാണ് ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരുന്നത്. കേസിൽ കഴിഞ്ഞ ദിവസമാണ് മോൺസണെ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ വിട്ടത്.

അതേസമയം മോന്‍സന്‍ മാവുങ്കൽ ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി പൊലീസിനെ സമീപിച്ചു. മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി പ്രവാഹമാണ്. മോന്‍സനെതിരെ പരാതി നല്‍കിയ അനൂപ് നടന്‍ ശ്രീനിവാസനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പുരാവസ്തു തട്ടിപ്പു വീരന്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവര്‍ തട്ടിപ്പുകാരാണെന്ന് നടന്‍ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് വാക്കീല്‍ നോട്ടീസ് നല്‍കിയത്.

അപവാദ പ്രചാരണം നടത്തിയ നടനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഒന്നരകോടി നഷ്ടപരിഹാരം വേണമെന്നും അല്ലെങ്കില്‍ പ്രസ്താവന് പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുളളത്. പരാതി നല്‍കിയവരില്‍ രണ്ടുപേര്‍ വലിയ തട്ടിപ്പുകാരണെന്നാണ് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നത്.