തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കോഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിലേയ്ക്ക്. വിഷയത്തിൽ അപ്പീൽ സമർപ്പിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. അപ്പീൽ ശുപാർശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പൂജവയ്പ്പ് അവധിക്ക് ശേഷം കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം.
എഎസ്ജി പി.വിജയകുമാർ, കേന്ദ്ര സർക്കാർ അഭിഭാഷകൻ ദയാസിന്ധു ശ്രീഹരി, മുതിർന്ന അഭിഭാഷകൻ അഡ്വ.എസ്.മനു, കോഫേപോസ ഡയറക്ടർ, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണർ എന്നിവരടങ്ങുന്ന സമിതിയുടേതാണ് തീരുമാനം. സ്വപ്ന സുരേഷിന്റെ കോഫെപോസ തടവ് ഇന്ന് അവസാനിക്കുമെന്നിരിക്കെയാണ് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത്. സമിതിയുടെ അപ്പീൽ ശുപാർശ ഇതിനകം കേന്ദ്ര നിയമമന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. പൂജവയ്പ് അവധിക്കു ശേഷം സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഇന്നലെയാണ് സ്വപ്ന സുരേഷിന്റെ കോഫേപോസ തടവ് ഹൈക്കോടതി റദ്ദാക്കിയത്. തുടർച്ചയായി കള്ളക്കടത്ത് ഇടപാടുകൾ നടത്തുന്നവരെ കരുതൽ തടങ്കലിൽ വയ്ക്കുന്ന നിയമം സ്വപ്നയ്ക്ക് ബാധകമാക്കാനാവില്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. ഇവർക്കെതിരെ നേരത്തെ സമാന കേസ് ഹിസ്റ്ററി ഇല്ലെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.
അതേസമയം, കോഫെ പോസ തടവു കാലാവധി അവസാനിച്ചാലും എൻഐഎ കേസിലുള്ള ജുഡിഷ്യൽ കസ്റ്റഡി തുടരുന്നതിനാൽ സ്വപ്ന സുരേഷിനു പുറത്തിറങ്ങാനാവില്ല. ഈ മാസം 26ന് സ്വപ്ന സുരേഷിന്റെ എൻഐഎ കേസിലുള്ള ജാമ്യം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.