തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഫലം ചെയ്യുന്നതായി സൂചന. കഴിഞ്ഞ ദിവസത്തെ രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. ഒക്ടോബർ ആദ്യ ആഴ്ചകളിൽ പ്രതിദിന കണക്ക് പതിനായിരത്തിൽ എത്തിയിരുന്നു. എന്നാൽ ഇന്നലത്തെ കണക്കിൽ രോഗ വ്യാപനം കുറയുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. രോഗ വ്യാപനം തടയുന്നതിന് 144 അടക്കം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ നടത്തിയ ഇടപെടൽ ഫലം കാണുന്നു എന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ.
ഇന്നലെ 63,146 ടെസ്റ്റുകൾ നടത്തിയപ്പോൾ 5445 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 8.69 ആണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഒക്ടോബർ മാസം ആരംഭിച്ചപ്പോൾ മുതൽ 15ന് അടുത്തായിരുന്നു സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നത്തെ കണക്കുകളിലും ഇതേ നിരക്കിൽ കുറവ് രേഖപ്പെടുത്തിയാൽ അത് സംസ്ഥാനത്തിന് ആശ്വാസം നൽകുന്നതാണ്. പരിശോധനയുടെ എണ്ണവും സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. അറുപത്തിനായിരത്തിനു മുകളിൽ പരിശോധനയാണ് കഴിഞ്ഞ മൂന്ന് ദിവസവും സംസ്ഥാനത്ത് നടക്കുന്നത്. ഒക്ടോബറിൽ ഇതുവരെ 471,774 പരിശോധനകളാണ് നടന്നത്. 62,744 പേർക്ക് ഇതിലൂടെ രോഗം സ്ഥിരീകരിച്ചു. പരമാവധി പരിശോധനയും രോഗവ്യാപനം തടയാൻ കടുത്ത നിയന്ത്രണവും എന്നതാണ് ആരോഗ്യ വകുപ്പിൻ്റെ പദ്ധതി. ഇത് ഫലം കണ്ടോയെന്ന് വരും ദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കും.