ആർക്കും എങ്ങനെയും പണം പിരിക്കാമെന്ന നില ശരിയല്ല; ക്രൗഡ് ഫണ്ടിംഗ് നിരീക്ഷിക്കണമെന്ന് ഹൈക്കോടതി

രോഗികൾക്കായി ആളുകൾ തോന്നിയ പോലെ പണം പിരിക്കുന്ന പ്രവണത പരിശോധിക്കപ്പെടണമെന്ന് ഹൈക്കോടതി. ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിക്കുന്ന പണം രോഗികൾക്ക് ലഭിക്കുന്നുണ്ടെന്നും ഇതിന്റെ പേരിൽ തട്ടിപ്പുകൾ നടക്കുന്നില്ലെന്നും സർക്കാർ ഉറപ്പാക്കണം.

ആർക്കും എങ്ങനെയും പണം പിരിക്കാമെന്ന നില ശരിയല്ല. പിരിച്ച പണത്തിന്റെ പേരിൽ തർക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രോഗികൾക്ക് വേണ്ടി പിരിക്കുന്ന പണം മുഴുവനായും രോഗികൾക്ക് ലഭിക്കുന്ന നിലയുണ്ടാകണം. ഇക്കാര്യങ്ങൾ സർക്കാർ പരിശോധിക്കണം. ചാരിറ്റി യൂട്യൂബർമാർ എന്തിന് സ്വന്തം പേരിൽ പണം വാങ്ങുന്നുവെന്ന ചോദ്യവും ഹൈക്കോടതി ചോദിച്ചു

എന്നാൽ വിഷയത്തിൽ ഇടപെടില്ലെന്നും കോടതി അറിയിച്ചു. രോഗികൾക്ക് സഹായം ലഭിക്കുന്നത് സുതാര്യമാകണം. ഇക്കാര്യത്തിൽ വിശദമായ ഉത്തരവിറക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ഫിറോസ് കുന്നുംപറമ്പിൽ അടക്കമുള്ളവർക്കെതിരായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.