കോൺഗ്രസ് ഉണർന്നാൽ സിപിഎം ഉണ്ടാകില്ലെന്ന് കെ സുധാകരൻ

 

ബൂത്ത് തലം മുതൽ പാർട്ടിയിൽ പുനഃസംഘടനയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബൂത്ത്, മണ്ഡലം കമ്മിറ്റികളാണ് കോൺഗ്രസിന്റെ ചങ്ക്. അടിത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്തും. കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് സംസ്ഥാനത്ത് പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു

കെപിസിസി പ്രസിഡന്റ് സ്ഥാനം വൈകി കിട്ടിയതാണെന്ന തോന്നലില്ല. കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ളയാളാണ് താൻ. ഒരുപാട് സ്ഥാനമാനങ്ങൾ കോൺഗ്രസ് നൽകിയിട്ടുണ്ട്. എന്നാൽ നേരത്തെ ഈ സ്ഥാനം ആഗ്രഹിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ട് അതു നടന്നില്ല. വിജയിച്ച കെപിസിസി പ്രസിഡന്റ് ആകുമെന്ന വിശ്വാസം തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് സുധാകരന്റെ പ്രതികരണം

തനിക്ക് ഗ്രൂപ്പില്ല. ഗ്രൂപ്പിന്റെ വക്താവായിരുന്നില്ല ഒരിക്കലും. പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുകയാണ് ലക്ഷ്യം. മറ്റെല്ലാ വികാരങ്ങൾക്കും അതീതമായി പാർട്ടിക്ക് വേണ്ടി ആത്മാർഥമായി പണിയെടുക്കേണ്ട സമയമാണ് ഇതെന്ന് നേതാക്കളും പ്രവർത്തകരും മനസ്സിലാക്കണം. കഴിവില്ലാത്തവർ നേതൃത്വത്തിൽ വന്നതാണ് പരാജയത്തിന് കാരണം. സ്വന്തക്കാരെ കുത്തി തിരുകിയപ്പോൾ പാർട്ടിയിൽ അപചയം സംഭവിച്ചു