മലപ്പുറത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അഞ്ച് പേർക്ക് പരുക്ക്

 

മലപ്പുറം വെങ്ങാട് മൂതിക്കയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്കേറ്റു. കുന്തിപ്പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിന് സമീപത്താണ് അപകടം. പുഴയോരത്ത് ഭിത്തി കെട്ടുന്നതിനായി കോൺക്രീറ്റ് ചെയ്യാനുള്ള കമ്പികൾ കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞത്.

കാർത്തിക്, ഇന്ദ്രജിത്ത്, സരോജ്, ഉമേഷ്, ഉപേന്ദർ എന്നീ തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും തൊഴിലാളികളും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചത്.