സംസ്ഥാനത്ത് തദ്ദേശഭരണ വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മുന്നേറുന്നു. കൊച്ചി, തിരുവനന്തപുരം നഗരസഭാ വാർഡുകൾ എൽഡിഎഫ് നിലനിർത്തി.
കൊച്ചി കോർപറേഷനിൽ ഗാന്ധിനഗർ ഡിവിഷനാണ് എൽഡിഎഫ് നിലനിർത്തിയത്. എൽഡിഎഫിലെ ബിന്ദു ശിവൻ യുഡിഎഫിലെ പി.ഡി. മാർട്ടിനെ 687 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫിലെ കെ.കെ. ശിവൻ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പിറവം മുൻസിപ്പാലിറ്റിയും എൽഡിഎഫ് നിലനിർത്തി. 14-ാം വാർഡ് ഇടച്ചിറ ഡിവിഷനാണ് എൽഡിഎഫ് 20 വോട്ടിന് നിലനിർത്തിയത്. കോട്ടയം ജില്ലയിൽ മാഞ്ഞൂർ പഞ്ചായത്തിൽ 12–ാം സീറ്റിൽ യുഡിഎഫും കാണക്കാരി പഞ്ചായത്ത് ഒമ്പതാം വാർഡിൽ എൽഡിഎഫും വിജയിച്ചു.
രാജാക്കാട് യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിർത്തിയപ്പോൾ ഇടമലക്കുടിയിൽ എൽഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ഒരു വോട്ടിനാണ് ബിജെപിയുടെ ജയം. പാലക്കാട് എരിമയൂർ ഒന്നാം വാർഡിൽ സിപിഎം വിമതൻ ജയിച്ചു. ഓങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡ് എൽഡിഎഫ് നിലനിർത്തി.
കൊല്ലം തേവലക്കര വാർഡ് ബിജെപിയിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം വിതുര പഞ്ചായത്ത് പൊന്നാംചുണ്ട് വാര്ഡ് എൽഡിഎഫ് പിടിച്ചെടുത്തു. ചിതറ സത്യമംഗലം വാർഡ് യുഡിഎഫ് നിലനിർത്തി. പോത്തൻകോട് ബ്ലോക്ക് ഡിവിഷൻ എൽഡിഎഫ് നിലനിർത്തി.
മലപ്പുറം ജില്ലിലെ തിരുവാലി (ഏഴാം വാർഡ്), കാലടി (ആറാം വാർഡ്), ഊർങ്ങാട്ടിരി (അഞ്ചാം വാർഡ്), മക്കരപ്പറന്പ് (ഒന്നാം വാർഡ്), പൂക്കോട്ടൂർ (14-ാം വാർഡ്) എന്നിവടങ്ങളിൽ യുഡിഎഫ് ജയിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചാലാംപാടം ഡിവിഷൻ എൽഡിഎഫ് നിലനിർത്തി.