അത്യാവശ്യമല്ലാത്ത ശസ്‍ത്രക്രിയകള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കി ദുബായ് ഹെല്‍ത്ത് അതോരിറ്റി

ദുബായ് : അത്യാവശ്യമല്ലാത്ത ശസ്‍ത്രക്രിയകള്‍ നടത്താന്‍ ദുബായിലെ ആശുപത്രികള്‍ക്ക് ഹെല്‍ത്ത് അതോരിറ്റി അനുമതി നല്‍കി. കൊവിഡ് സാഹചര്യത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആരോഹ്യ സംവിധാനങ്ങളെ തയ്യാറാക്കുന്നതിന്റെയും ഭാഗമായി അത്യാവശ്യമല്ലാത്ത ശസ്‍ത്രക്രിയകള്‍ക്ക് അധികൃതര്‍ നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ശനിയാഴ്‍ച ഹെല്‍ത്ത് അതോരിറ്റി പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം മാര്‍ച്ച് 21 മുതല്‍ ആശുപത്രികള്‍ക്കും വണ്‍ ഡേ സര്‍ജറി സെന്ററുകള്‍ക്കും അത്യാവശ്യമല്ലാത്ത ശസ്‍ത്രക്രിയകളും ചെയ്യാം. അതേസമയം ആശുപത്രികളുടെ കിടക്കകളുടെ എണ്ണത്തില്‍ അതോരിറ്റി നല്‍കുന്ന മാനദണ്ഡം പാലിച്ചിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഐ.സിയുകളിലും ഇന്‍പേഷ്യന്റ് വിഭാഗങ്ങളിലും കൊവിഡ് രോഗികള്‍ക്കായി ബെഡുകള്‍ മാറ്റിവെച്ചിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.