തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കുന്നത് അനുചിതമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
രോഗവ്യാപനം കുറയുന്ന മുറയ്ക്ക് തുറക്കുന്ന കാര്യം ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി നിലപാടെടുത്തത്. യോഗത്തില്‍ പങ്കെടുത്തവരാരും വ്യത്യസ്തമായ നിലപാട് പങ്കുവെച്ചില്ല. കൗണ്ടറുകളിലൂടെയുള്ള പാര്‍സല്‍ വില്‍പന തുടരാനും യോഗം അനുമതി നല്‍കി.
ഇതര സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. മാനദണ്ഢങ്ങള്‍ പാലിച്ച് ഇവ തുറക്കാമെന്നു കാണിച്ച് എക്സൈസ് കമ്മിഷര്‍ നല്‍കിയ ഫയല്‍ എക്സൈസ് മന്ത്രി രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല.