തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്‌സിൻ ഉത്പാദന മേഖല സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ ഉത്പാദന യൂനിറ്റ് ആരംഭിക്കാൻ തയ്യാറാകുന്ന ആങ്കർ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കും. ലീസ് പ്രീമിയത്തിന്റെ 50 ശതമാനം സബ്‌സിഡിയോടെ 60 വർഷത്തേക്ക് പാട്ടത്തിന് ഭൂമി നൽകും
കെ എസ് ഐ ഡി സിയുമായുള്ള പാട്ടക്കരാർ രജിസ്റ്റർ ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കും. ഉപകരണങ്ങൾ, പ്ലാന്റ്, യന്ത്രങ്ങൾ എന്നിവയുടെ വിലയുടെ 30 ശതമാനം വരെയുള്ള തുക ഫിൽ ഫിനിഷ് യൂനിറ്റിന് ഒരു കോടി രൂപക്കുള്ളിലും വാക്‌സിൻ ഉത്പാദന യൂനിറ്റിന് 5 കോടി രൂപക്കുള്ളിലും സബ്‌സിഡി നിരക്കിലെ മൂലധന സഹായം എന്ന നിലക്ക് നൽകും
സർക്കാരിന്റെ ധനകാര്യ സ്ഥാപനങ്ങൾ മുഖേന 20 വർഷത്തെ ദീർഘകാല തിരിച്ചടവ് നിശ്ചയിച്ച് ആകർഷകമായ വായ്പകൾ നൽകും. ഫിൽ ഫിനിഷ് യൂനിറ്റിനുള്ള വായ്പാപരിധി 20 കോടി രൂപയ്ക്കകത്തും വാക്‌സിൻ ഉത്പാദന യൂനിറ്റിനുള്ള വായ്പ പരിധി 30 കോടി രൂപയ്ക്കുള്ളിലും നിജപ്പെടുത്തും. ആകെ വായ്പാ തുക 100 കോടി രൂപക്കുള്ളിലാകും.
ലൈഫ് സയൻസ് പാർക്കിൽ പൂർത്തിയാകുന്ന 85,000 ചതുരശ്ര അടി കെട്ടിടം വാക്‌സിൻ ഉത്പാദന യൂനിറ്റിന് അനുയോജ്യമാണെന്ന് കമ്പനികൾ ഉറപ്പുവരുത്തിയാൽ വാർഷിക പാട്ടത്തിന് നൽകും. എല്ലാ കമ്പനികൾക്കുമായി പൊതുമലിനജല ശുദ്ധീകരണ പ്ലാന്റ്, സോളാർ പ്ലാന്റ്, ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം എന്നിവ കേരള സ്റ്റേറ്റ് ഇൻഡ്‌സ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ നിർമിക്കും.