സംസ്ഥാനത്ത് വാക്‌സിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കും; വാക്‌സിൻ ഗവേഷണത്തിന് തുക വകയിരുത്തി

 

കേരളത്തിൽ വാക്‌സിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിൻ ഉത്പാദനത്തിനും ഗവേഷണത്തിനുമുള്ള പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകും. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാൻ ബജറ്റിൽ ആയിരം കോടി വകയിരുത്തി. 150 മെട്രിക് ടൺ ശേഷിയുള്ള പുതിയ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കും. മെഡിക്കൽ കോളജുകളിൽ പകർച്ചവ്യാധി നേരിടാൻ പ്രത്യേക ബ്ലോക്ക് തുടങ്ങും. പകർച്ചവ്യാധികൾ തടയാൻ ആറിന കർമ പരിപാടി. എല്ലാ സി എച്ച് സി, താലൂക്ക് ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ ആരംഭിക്കും.