സംസ്ഥാനത്ത് കാലവർഷം ദുർബലം; ഈ മാസം 15 ന് ശേഷം മഴ ശക്തമാകുമെന്ന് റിപ്പോർട്ട്

 

 

സംസ്ഥാനത്ത് കാലവർഷം ദുർബലം. മഴയിൽ നാൽപത്തിനാല് ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. എങ്കിലും ഈ മാസം പതിനഞ്ചിന് ശേഷം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൺസൂൺ കാലത്തുണ്ടായ മാറ്റങ്ങൾ പുതിയ കാലാവസ്ഥ ഘടനയിലേക്കുള്ള മാറ്റം ആണോയെന്ന് സംശയിക്കുന്നവരുമുണ്ട്.

മീനച്ചൂടിനെ വെല്ലുന്ന മിഥുനച്ചൂടാണ് സംസ്ഥാനത്ത് പലയിടത്തും അനുഭവപ്പെടുന്നത്. സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിച്ചിട്ട് ദിവസങ്ങളായി. മഴക്കുറവിൽ തലസ്ഥാനമാണ് മുൻപിൽ. അറുപത് ശതമാനമാണ് കുറവ്. പ്രതീക്ഷിച്ച മഴ ലഭിച്ചത് കോട്ടയത്തു മാത്രമാണ്.
കാലവർഷത്തിന് മുൻപേയെത്തിയ ചുഴലിക്കാറ്റാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ കാറ്റിന്റെ ഗതി തെറ്റിച്ചതെന്ന് വിദഗ്ധർ പറയുന്നു.

കർക്കടകം ആരംഭിക്കുന്നതോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. മൺസൂണിന്റെ ആദ്യ പതിയിൽ മഴ മാറിനിന്ന് രണ്ടാം പാതിയിൽ ശക്തമായ മഴ പെയ്ത് പ്രളയത്തിലേക്ക് നീങ്ങുന്ന രീതി അവർത്തിക്കുമോയെന്നും കണ്ടറിയണം.

മാറുന്ന കാലാവസ്ഥ രീതിയെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.