മാവൂർ: മംഗല്യ ദിനം ആർക്കും അങ്ങനെ മറക്കാനാകില്ല. ഓരോരുത്തരും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമകളുടെ ദിനമാണത്. എന്നാൽ, ശാഹിനയുടെ കല്യാണം മാവൂരിലെ നാട്ടുകാരും ബന്ധുക്കളും കോളജ് അധികൃതരും ഒരിക്കലും മറക്കാനിടയില്ല. മഹ്‌ളറ ആർട്‌സ് കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനിയായ ശാഹിനയുടെ കല്യാണവും രണ്ടാം സെമസ്റ്റർ ഹിന്ദി പരീക്ഷയും ഒരു ദിവസമായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പെട്ടെന്നുള്ള പരീക്ഷാ പ്രഖ്യാപനം വന്നപ്പോൾ ശാഹിനയുടെ കല്യാണ ദിനവും അതിൽ ഉൾപ്പെട്ടു. നേരത്തെ തീരുമാനിച്ച് നാട്ടുകാരെ വിളിച്ച കല്യാണമായതിനാൽ അത് മാറ്റിവെക്കാനും കഴിഞ്ഞില്ല.
പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥിനിയായത് കൊണ്ട് കല്യാണത്തിന് വേണ്ടി പരീക്ഷ വേണ്ടെന്ന് വെക്കാൻ ശാഹിനയും തയ്യാറായില്ല. എന്തുവിലകൊടുത്തും പരീക്ഷയെഴുതണമെന്ന ശാഹനിയുടെ ഉറച്ച് തീരുമാനത്തോട് വീട്ടുകാരും ബന്ധുക്കളും കൂടെ നിന്നു. വീട്ടിലെ കല്യാണ ഭക്ഷണവും കഴിച്ച് ഉച്ചക്ക് രണ്ട് മണിക്കുള്ള പരീക്ഷയെഴുതാൻ ശാഹിന വരൻ കുന്ദമംഗലം സ്വദേശി അബ്ബാദലിക്കൊപ്പം കോളജിലെത്തി. സഹപാഠിയെ കല്യാണ വേഷത്തിൽക്കണ്ട കൂട്ടുകാരികൾ ഒപ്പനപാടി അവളെ പരീക്ഷാ ഹാളിലേക്ക് ആനയിച്ചു. അധ്യാപകരും പ്രിയ ശിഷ്യക്ക് ഊഷ്മള സ്വീകരണം നൽകി.
ചോദ്യ പേപ്പർ കൈയ്യിൽക്കിട്ടയപ്പോൾ ശാഹിനക്ക് കല്യാണ ടെൻഷൻ മാറി പരീക്ഷാ പേടിയായി. പിന്നെ എഴുത്തായി. വേഗം പരീക്ഷയെഴുതി പുറത്തിറങ്ങിയ ശാഹിനക്ക് പ്രിൻസിപ്പൽ മുഹമ്മദ് സ്വാലിഹ് മുക്കം ചെറിയൊരു ഉപഹാരവും നൽകി.