പോപുലർ ഫിനാൻസിന്റെ ജില്ലയിലെ എല്ലാ ശാഖകളും അടച്ചുപൂട്ടാൻ കലക്ടറുടെ ഉത്തരവ്

പോപുലർ ഫിനാൻസിന്റെ കാസർകോട് ജില്ലയിലെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബുവിന്റെ ഉത്തരവ്. മുഴുവൻ ശാഖകളും അടച്ചുപൂട്ടി സീൽ ചെയ്ത് താക്കോൽ കലക്ടർക്ക് കൈമാറാൻ ജില്ലാ പോലീസ് മേധാവിക്കാണ് നിർദേശം നൽകിയത്.

അടച്ചുപൂട്ടുന്ന സ്ഥാപനങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണം. സ്ഥാപനത്തിന്റെ ഡയറക്ടർമാരുടെയോ മാനേജർമാരുടെയോ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ ക്രയവിക്രയം തടയുന്നതിനുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ രജിസ്ട്രാർക്കും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്ഥാപനത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും എല്ലാ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്കും കലക്ടർ നിർദേശം നൽകി