തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മരുന്ന് മാഫിയ ആഴത്തില്‍ പിടിമുറുക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ് ഇതിന് കാരണമെന്നും ചെന്നിത്തല ആരോപിച്ചു.
ലഹരി പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നു പന്തലിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. പൂവാറിലെ ദ്വീപ് റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി പാര്‍ട്ടി മഞ്ഞു മലയുടെ ഒരു അഗ്രം മാത്രമാണ്. ഇക്കാര്യത്തിൽ പോലീസും എക്സൈസും ഒത്തുകളിക്കുന്നത് കൊണ്ട് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കഴിയുന്നില്ല, ചെന്നിത്തല വിമര്‍ശിച്ചു.
കൊച്ചിയില്‍ മോഡലുകളായ പെണ്‍കുട്ടികളുടെ ദാരുണ മരണം ലഹരിമരുന്ന് സംഘത്തിന്റെ അഴിഞ്ഞാട്ടത്തിന്റെ മറ്റൊരു ദുരന്ത ഫലമാണ്. കൊച്ചിയില്‍ ചൂതാട്ട കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്. പലേടത്തും നിയമം നടപ്പാക്കേണ്ട പൊലീസ് മേധാവികള്‍ ഇത്തരം അധോലാക പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നു എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വരുന്നു, ചെന്നിത്തല വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചരവര്‍ഷമായി കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിത്. പൊലീസിനെ ക്രിമിനല്‍ വത്ക്കരിക്കുകയും പാര്‍ശ്വവര്‍ത്തികളാക്കി മാറ്റുകയും ചെയ്തതിന്റെ പരിണിത ഫലമാണിവ.നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരി മരുന്നു മാഫിയക്കെതിരെ ഇനിയെങ്കിലും കര്‍ശന നടപടികള്‍ സ്വീകരിക്കണം, ചെന്നിത്തല ആവശ്യപ്പെട്ടു.