ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ എസ് ആർ ടി സിയിലെ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് തുടരുന്നു. ഐഎടിയുസിയുടെ എംപ്ലോയീസ് യൂണിയനും പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്റെയും സമരമാണ് 48ാം മണിക്കൂറിലേക്ക് നീട്ടിയത്. അതേസമയം ബി എം എസ്, സിഐടിയു യൂണിയനുകളുടെ സമരം 24 മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചിരുന്നു
രണ്ട് യൂണിയനുകളുടെ സമരം അവസാനിച്ചതോടെ ഇന്ന് ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താൻ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകിയിട്ടുണ്ട്. 2016ൽ കാലാവധി പൂർത്തിയായ ശമ്പള പരിഷ്‌കരണ കരാർ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. സമരത്തെ നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്‌നോളും തൊഴിലാളികൾ തള്ളിയിരുന്നു. ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെ എസ് ആർ ടി സി ഉത്തരവിറക്കിയിട്ടുണ്ട്.