ഒന്നും പറയാനില്ല; എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി സെക്രട്ടറിയോട് ചോദിക്കൂവെന്ന് ജി സുധാകരൻ

 

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചയിൽ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിനെ കുറിച്ച് പ്രതികരിക്കാതെ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എ കെ ജി സെന്ററിൽ നിന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം പുറത്തേക്ക് വന്ന ജി സുധാകരൻ മാധ്യമപ്രവർത്തകരെ തള്ളി മാറ്റി കാറിൽ കയറുകയായിരുന്നു

എ കെ ജി സെന്ററിൽ നിന്നും അദ്ദേഹം നേരെ പോയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഗസ്റ്റ് ഹൗസിലേക്ക് എത്തിയത്. ഇവിടെ നിന്ന മാധ്യമ പ്രവർത്തകരോട് ഒന്നും പറയാനില്ല, ഒന്നും പറയേണ്ട കാര്യമില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കൂ എന്നായിരുന്നു സുധാകരന്റെ പ്രതികരണം

അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർഥിയായിരുന്ന എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി സുധാകരനെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്.