കൊവിഡ് ദുരിതാശ്വാസത്തിനും മഴക്കാല ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഡിവൈഎഫ്‌ഐ റീസൈക്കിൾ കേരള വഴി സമാഹരിച്ചത് 11 കോടിയോളം രൂപ. സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് റീസൈക്കിൾ കേരളക്ക് ലഭിച്ചതെന്ന് റഹീം വാർത്താ സമ്മേളനത്തിൽ അറിയിച്ചു
10,95,86,537 രൂപയാണ് ഡിവൈഎഫ്‌ഐ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റും ജലാശയങ്ങളിലെ പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ച് വിറ്റുമാണ് ഡിവൈഎഫ്‌ഐ തുക സംഭരിച്ചത്. ജലാശയങ്ങളിൽ നിന്ന് ഇതുവഴി ആറര ടൺ പ്ലാസ്റ്റിക് നീക്കുകയും ചെയ്തു. 1519 ടൺ ഇരുമ്പ് മാലിന്യം ശേഖരിച്ച് വിൽപ്പന നടത്തി.
അനസ് എടത്തൊടിക, മുഹമ്മദ് റാഫി, സികെ വിനീത്, സഹൽ സി മുഹമ്മദ് എന്നിവരുടെ ജഴ്‌സി ലേലത്തിന് വെച്ച് ലക്ഷങ്ങൾ സമാഹരിച്ചു. പ്രശസ്തരായ നിരവധി പേർ പദ്ധതിയുമായി സഹകരിച്ചതായി റഹീം പറഞ്ഞു. പ്രതിപക്ഷ യുവജന സംഘടനകൾ ആ സമയം ഡിവൈഎഫ്‌ഐയെ പാട്ട പെറുക്കുന്നവർ എന്ന് പരിഹസിച്ചിരുന്നു. ഇവർക്കുള്ള മറുപടി കൂടിയാണ് തുക കൈമാറിയതിലൂടെ സംഘടന നൽകിയിരിക്കുന്നത്.