കൊച്ചിയിൽ ഓട്ടോ ഡ്രൈവറെ പോലീസുകാരനും സുഹൃത്തുക്കളും ചേർന്ന് അടിച്ചു കൊന്നു

കൊച്ചി കുന്നുംപുറത്ത് ഓട്ടോ റിക്ഷ ഡ്രൈവറെ പോലീസുകാരനും സുഹൃത്തുക്കളുമടക്കം അടിച്ചു കൊന്നു. കേസിൽ പോലീസുകാരൻ അടക്കം രണ്ട് പേർ അറസ്റ്റിലായി. ഓട്ടോ ഡ്രൈവർ കൃഷ്ണകുമാറിനെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കൊലപ്പെടുത്തിയത്.

കൊച്ചി എ ആർ ക്യാമ്പിലെ പോലീസുകാരൻ ബിജോയ് സുഹൃത്ത് ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. കുന്നുംപുറും പീലിയോടിന് സമീപത്ത് പുഴക്കരയിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ കൃഷ്ണകുമാറിനെ വിളിച്ചു വരുത്തുകയും കമ്പി വടി ഉപയോഗിച്ച് അടിച്ചു കൊല്ലുകയുമായിരുന്നു

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പുഴക്കരയിൽ ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. പോലീസ് എത്തി കൃഷ്ണകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.