നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുക്കാൻ അനുമതി

 

നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ അനുമതി. എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയത്. ഇതിനായി ഒരു മജിസ്‌ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും.

കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപ് അടക്കമുള്ളവർ ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളാണ് ബാലചന്ദ്രകുമാർ പുറത്തുവിട്ടത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്.

കേസിൽ ദിലീപിനെയും പൾസർ സുനിയെയും വീണ്ടും ചോദ്യം ചെയ്യും. തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതും പോലീസ് ആലോചിക്കുന്നുണ്ട്.