മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; തമിഴ്‌നാട്ടിലെ മന്ത്രിതല സംഘത്തിന്റെ ഡാം സന്ദർശനം ഇന്ന്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമുയർന്നു. നിലവിൽ ജലനിരപ്പ് 138.80 അടിയായി. ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടിന്റെ സ്പിൽവേയിലെ ഏഴ് ഷട്ടറുകൾ കൂടി തമിഴ്‌നാട് ഉയർത്തിയിരുന്നു. സെക്കൻഡിൽ 3900 ഘനയടിവെള്ളമാണ് തുറന്നുവിടുന്നത്.

 

ഡാമിന്റെ വൃഷ്ടിപ്രദേശമായ പെരിയാർ വനത്തിൽ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്. അഞ്ച് മണിക്കൂർ നേരം കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയർന്ന സാഹചര്യത്തിലാണ് അടച്ചിട്ട ഷട്ടറുകൾ വീണ്ടും തുറന്നത്.

അതേസമയം തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് ഡാം സന്ദർശിക്കും. ജലസേചന മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, വാണിജ്യ നികുതി വകുപ്പ് മന്ത്രി പി മൂർത്തി, ഭക്ഷ്യ മന്ത്രി ആർ ചക്രപാണി എന്നിവരാണ് സംഘത്തിലുള്ളത്.