40 മുതല്‍ 44 വയസ് വരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണന ക്രമം ഇല്ലാതെ വാക്സിന്‍ നല്‍കും: ആരോഗ്യ മന്ത്രി

 

തിരുവനന്തപുരം: 40 മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമം ഇല്ലാതെ തന്നെ വാക്‌സിന്‍ സ്വീകരിക്കാം. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഇതോടെ 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യാമകുന്നതാണ്. അതേസമയം 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിനേഷന്‍ തുടരുന്നുണ്ട്. 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ തുടരുമെന്ന് മന്ത്രി അറിയിച്ചു.

40 മുതല്‍ 44 വയസുവരെ പ്രായമുള്ളവര്‍ വാകസിന്‍ ലഭിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈനായി അപ്പോയ്‌മെന്റ് എടുക്കണം. ഈ വിഭാഗത്തിലുള്ളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. വാക്‌സിന്റെ ലഭ്യതയ്ക്കനുസരിച്ച്‌ ആവശ്യമുള്ള വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ അനുവദിക്കുന്നതാണെന്നും ഈ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ഇന്നു മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.