തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിനു മുൻപ് എം.ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്ത തീരുമാനം മുഖ്യമന്ത്രിയും സ്വർണക്കടത്തു പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തു കൊണ്ടു വരുന്നതെന്നു മുൻ പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തല.
ശിവശങ്കർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഇപ്പോഴും പ്രതിയാണ്. ലൈഫ് തട്ടിപ്പ് കേസിലാകട്ടെ അന്വേഷണം പൂർത്തിയായില്ല. പ്രതി സ്ഥാനത്തുള്ള ഒരാളെയാണ് തിടുക്കത്തിൽ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് റിപ്പോർട്ട് എഴുതി വാങ്ങി സർവീസിൽ തിരിച്ചെടുക്കുന്നത്.
കോടതി തീർപ്പു കല്പിക്കുന്നതിന് മുൻപ് സർക്കാർ പ്രതിയെ കുറ്റവിമുക്തനാക്കി. ഇതുവഴി എന്തു സന്ദേശമാണ് നൽകുന്നത്? രാജ്യദ്രോഹപരമായ കള്ളക്കടത്തു നടത്തിയാലും തട്ടിപ്പ് നടത്തിയാലും സർക്കാർ ഒപ്പമുണ്ടെന്നല്ലേ? കളങ്കിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നല്ലേ- ചെന്നിത്തല ചോദിച്ചു.
ഇനി ഈ കേസിലെ പ്രതി സ്വപ്നാ സുരേഷിനെ കൂടി മുഖ്യമന്ത്രിയുടെ കീഴിലെ പഴയ ജോലിയിൽ തിരിച്ചെടുത്താൽ എല്ലാം ശുഭമാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.