ഇന്ധനം കത്തുന്നു; പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വില ഉയരുന്നത്.

 

കഴിഞ്ഞ 15 ദിവസത്തില്‍ മാത്രം ഇന്ധന നിരക്ക് പന്ത്രണ്ട് തവണ ഉയര്‍ത്തി. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 20 പൈസ വര്‍ധിച്ച് ലിറ്ററിന് 82.66 രൂപയില്‍ നിന്ന് 82.86 രൂപയായി ഉയര്‍ത്തി. നവംബര്‍ 29 ന് രാവിലെ 6 മുതല്‍ ഡീസല്‍ വില 23 പൈസ വര്‍ധിച്ച് 72.84 രൂപയായി ഉയര്‍ത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അറിയിപ്പുകള്‍ പ്രകാരം മുംബൈയില്‍ പുതുക്കിയ പെട്രോള്‍ നിരക്ക് യഥാക്രമം ലിറ്ററിന് 89.52 രൂപയും ഡീസല്‍ ലിറ്ററിന് 79.66 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 83.19 രൂപയും ഡീസല്‍ ലിറ്ററിന് 77.088 രൂപയുമാണ്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84.86 രൂപയും ഡീസലിന് 78.81 രൂപയാണ് വില. കോഴിക്കോട് 83.37 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 77.43 രൂപയും.

നവംബര്‍ 20 മുതല്‍ എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ രണ്ടാഴ്ചത്തെ ഇടവേളയെത്തുടര്‍ന്ന് പതിനൊന്ന് തവണ ആഭ്യന്തര ഇന്ധന വില ഉയര്‍ത്തി. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധവ് തുടരുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവില ഉയരാന്‍ കാരണം. ഇന്ന് ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയില്‍) ഇന്ന് 49.61 ഡോളറാണ് വില. 73.83 രൂപയിലാണ് ഇന്ന് ഡോളര്‍ വിനിമയം നടക്കുന്നത്.