ബുറേവിയിൽ ആശങ്ക വേണ്ട; കേരളത്തിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു

ബുറേവി ചുഴലിക്കാറ്റിൽ കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തെക്കൻ തമിഴ്‌നാട് തീരം തൊട്ട അതിതീവ്ര ന്യൂനമർദം വീണ്ടും ദുർബലമായതോടെ കേരളത്തിൽ സാധാരണ മഴ മാത്രമേയുണ്ടാകൂ. കേരളത്തിലെ അതീവ ജാഗ്രതാ നിർദേശം പിൻവലിച്ചിട്ടുണ്ട്

റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും പിൻവലിച്ചിട്ടുണ്ട്. അതേസമയം ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. 40 കിലോമീറ്റർ വേഗതയിലാകും കേരളത്തിൽ ബുറേവി വീശുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

ഒറ്റപ്പെട്ട കനത്ത മഴയ്ക്കാണ് സാധ്യത. അപൂർവം ചിലയിടങ്ങളിൽ മാത്രം കനത്ത മഴയുണ്ടാകും. ബുറേവി കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച പൊതു അവധി തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതുഅവധി.

തിരുവനന്തപുരം വിമാനത്താവളം രാവിലെ 10 മണി മുതൽ വൈകുന്നേരം ആറ് മണി വരെ അടച്ചിടും. കേരളാ എം ജി സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.