ശബരിമല റോഡുകളുടെ നിർമാണ പുരോഗതി പരിശോധിക്കാൻ പ്രത്യേക സംഘം: മന്ത്രി മുഹമ്മദ് റിയാസ്

 

ശബരിമല റോഡുകളുടെ പ്രവൃത്തി നിർമാണ പുരോഗതി പരിശോധിക്കാനും കാലവർഷക്കെടുതി മൂലം റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് പി ഡബ്ല്യു ഡി മിഷൻ യോഗത്തിൽ പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ് നിയോഗിച്ചത്

ഇതിന് പുറമെ മൂന്ന് ചീഫ് എൻജിനീയർമാർ ഉൾപ്പെടുന്ന ടീം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികൾ നേരിട്ടെത്തി വിലയിരുത്തും. നിലവിലുള്ള ശബരിമല റോഡ് നിർമാണ പ്രവർത്തനങ്ങളെ കാലവർഷം ബാധിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും. വിശദമായ റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

നിർമാണ പ്രവൃത്തി വിലയിരുത്തുന്നതിനായി നവംബർ ഏഴിന് പത്തനംതിട്ടയിൽ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.